Posts

മൗനവാത്മീകം

Image
  മഴ പോൽ പെയ്തുണരുന്നു മനം വിരഹാർദ്ര ഭാംസുരീ നാദമായ് നിറസാന്ധ്യ മൗനമേ ഇനിയെന്തിനീ മൗന വാത്മീകത്തിൻ മൃദുകഞ്ചുകം ചിരകാല മോഹത്തിൻ മഴമേഘ ശീലുകൾ തുയിലുണർത്തുന്നൊരീ കല്പകാലം നീ പാടാത്ത പാട്ടിലെ കാംബോജി പോലെ ഞാൻ ഒഴുകുന്നു വീണ്ടും നന്ദനോദ്യാനെ നിൻ മിഴിത്താരകൾ പുൽകും വസന്തമായ് പാദരേണുക്കളെ തഴുകും പ്രവാഹമായ് വേപഥു പൂണ്ടൊരു മുരളീ ഹൃദന്തമായ് ജന്മാന്തരങ്ങൾ തപോവനമാക്കി ഞാൻ  രസരാസ കേളി നീ മതിമറന്നാടവേ  പ്രിയ രാധ രോമാഞ്ച തല്പം വിരിക്കവേ നീ മന്ദഹാസം പൊഴിച്ചാനന്ദ ചിത്തനായ്- മേവുന്ന കണ്ടിതാ ഒഴുകുന്നീ യമുന   എങ്കിലും ശൗരേ നീയറിയുന്നിതെന്നെ നിന്നാത്മാവിൽ ഉയിരിടും നീലക്കടമ്പായ് നിൻമൗന കേദാര ഭൂവിൻ വസന്തമാം യമുനാകല്യാണി രാഗകല്ലോലമായ് നിന്റെ മായാലോകം എന്നിലസ്പന്ദമായ്    എന്നന്തരാത്മാവായറിയുന്നു  നിന്നെ ഞാൻ   

വാകപ്പൂമരം

Image
പൊടി പിടിച്ച, തിരക്കിട്ട ഈ വിതാനത്തിലൂടെ  എത്രയോപേർ കടന്നു പോയിരിക്കുന്നു.  എന്നിട്ടും ഞാനൊരു വാകപ്പൂമരമായ്  ചുവന്നു നിന്നത്  നിന്റെ കാൽപ്പെരുമാറ്റം  കേട്ടപ്പോൾ മാത്രം. 

നിസംഗ മൗനം

Image
നീ വഴിയരികിൽ മറന്നു വച്ച  വസന്തത്തിന്റെ മുല്ലമൊട്ടുകൾ  ഓരോ രാവിലും എന്റെ ജനലഴികളിൽ പൂത്തുണരുന്നു.  പറയാൻ മറന്ന നിന്റെ വാക്കുകളുടെ ശലഭങ്ങൾ  സമാധി വിട്ടുണർന്നു എന്റെ സ്വപ്നങ്ങളിൽ നൃത്തം ചവിട്ടുന്നു.  എങ്കിലും നിന്റെ നിസംഗ മൗനം  എന്റെ ഹൃദയം തകർക്കാറുണ്ട്.  ഓരോ തവണയും ചിന്നി ചിതറിയിട്ടും  അത് നിന്നെക്കുറിച്ചു മാത്രം വർണ്ണിക്കുന്നു.  നിന്റെ ശിലാമൗനത്തിന്റെ  അന്തർവ്യാപ്തിയെ ആവാഹിച്ചെടുക്കുന്നു. 

ഉഷ്ണക്കാറ്റ്

Image
വരണ്ടു പോയ വേനലുകളിൽ  ഏതോ മഹാജലധിയുടെ കണ്ണീരുറഞ്ഞു പോയിരിക്കുന്നു.  മൗനത്തിന്റെ ഭാഷയിൽ  അവ വരച്ചു ചേർക്കുന്ന ഇതിഹാസങ്ങൾ  കരിഞ്ഞു പോയ കാടിന്റെ മുഗ്ദ വസന്തത്തെക്കുറിച്ചായിരുന്നു.  ഓരോ ഉഷ്ണക്കാറ്റിലും  ആരുടെയോ വിശപ്പിന്റെ ഗദ്ഗദങ്ങൾ,  പാടവരമ്പിലെ പാട്ടിൽ  സ്വയം മറന്നു നിന്ന കുട്ടിയുടെ കണ്ണിലെ തീഷ്ണത,  തീവെയിലിൽ വരമ്പത്തെ ചൂടേറ്റു കറുത്തുപോയ പെണ്ണിന്റെ ജല്പനങ്ങൾ....  ഓരോ ഉഷ്ണകാറ്റും   ഭൂതകാലത്തിന്റെ  ചൂടുനീരുറവയിൽ നിന്നും ഉയിർകൊള്ളുന്ന  പൊള്ളുന്ന ഓർമ്മകളത്രെ!

മരണത്തിനപ്പുറം

Image
നീ പോയ വഴിയിൽ ജനനവും മരണവും  മുഖത്തോടു മുഖം നോക്കി നിശ്ചലരായ് നിലകൊള്ളുന്നു....  എന്റെ ചോദ്യത്തിന്റെ പ്രകമ്പനത്തിൽ  ആഴിയും ആകാശവും കണ്ണുനീർ വാർക്കുന്നു.  മരണത്തിനപ്പുറം ഏതോ കുന്നിൻ ചരുവിൽ  നീ എന്നെ നോക്കി ചിരിക്കുന്നു....  ഞാൻ സ്വയമൊരു ചോദ്യമായി മാറുന്നു.

മൗനം പഠിപ്പിക്കുന്നത്...

Image
എല്ലാ മൗനവും ഒടുവിൽ നിന്നിൽ വീണടിയുന്നു.  വിളറി വെളുത്ത നിഴലിന്റെ  കനത്ത ജല്പനങ്ങളിലേക്കു  ജീവിതം നിന്നെ തിരികെ വിളിക്കുമ്പോൾ  കാലത്തിന്റെ വിരസമായ ആദി താളത്തിലേക്ക്  നീയും നിന്റെ നീർകുമിളകളും ഉടഞ്ഞു നോവുന്നു.... നൈമിഷികതയുടെ അപാരതയിലാണ്  നിന്റെ സ്വത്വം വിലയം പ്രാപിച്ചത്.  വീണ്ടും ഒരിക്കൽക്കൂടി  തപഃ സമാധിയിൽ ആഴ്ന്നിറങ്ങുക..... അതത്രെ മൗനം പഠിപ്പിക്കുന്നത്...

സരയുവിന്റെ ഓളങ്ങൾ

Image
രാമായണ ശീലുകൾ മുഴങ്ങുന്ന  ആഷാഢ സന്ധ്യകൾ  എന്നെ ഓർമ്മപ്പെടുത്തുന്നത്  നിന്നെയാണ്.  തിരസ്കാരത്തിൻ്റെ നോവു പടർന്ന നിന്റെ ഹൃദയം കണ്ടവരിൽ മരവുരി ധരിക്കാതെ യോഗിനിയായ് മാറിയ ഒരുവളുണ്ടായിരുന്നു .  അയോദ്ധ്യയുടെ അകത്തളങ്ങളിൽ  എവിടെയോ ഒരു മൗനം പോലും അവശേഷിപ്പിക്കാതെ കടന്നു പോയവൾ..... പിന്നെ നിന്നിലെ നിന്നെ ആത്മാവിൽ ആവാഹിച്ച ഈയുള്ളവളും, യുഗാന്തരങ്ങളിലൂടെ അലയാൻ വിധിക്കപ്പെട്ടവൾ, സരയു. നിൻറെ നയങ്ങളിലെ തീക്ഷ്ണതയുടെ വ്യാപ്തിയിൽ  ഞാൻ എത്രയോ തവണ ധർമ്മത്തിന്റെ അർത്ഥ തലങ്ങളെ വ്യാഖ്യാനിച്ചെടുത്തിരിക്കുന്നു.....  നിൻറെ ഏകാന്ത മൗനത്തെ,  തപ്ത നിശ്വാസങ്ങളെ  എന്നോളം അറിഞ്ഞവർ ആരുമില്ലെന്ന് തോന്നുകയാണ്.  ഒടുവിൽ നീയൊരു നേർത്ത വിങ്ങലായ്,  എന്നിൽ വീണലിഞ്ഞപ്പോൾ  ആദ്യമായ് എൻ്റെ മിഴികളിൽ  അശ്രുബിന്ദുക്കൾ പടർന്നൊഴുകി..... ആ പ്രവാഹത്തിൽ നിൻറെ പ്രഭുവിൻറെ ജല്പനങ്ങൾ വിസ്മൃതിയിലാണ്ടു  നിൻറെ തപസ്വിനി ഒരു ദുഃഖ ബിന്ദുവായ്‌ എങ്ങോ മറഞ്ഞു.... ത്രേതായുഗം ഒരു നേർത്ത ശീലായ്  മുഗ്ദവാത്മീകത്തിനുള്ളിൽ പോയൊളിച്ചു.  എന്നിട്ടും ഞാൻ അവിശ്രമം ഒഴുകുന്നു നിൻറെ ഓർമ്മകളും പേറി യുഗാന്